സന്ദീപ് വാര്യർ നല്ല വ്യക്തിയെന്ന് എ കെ ബാലൻ

ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെ കുറിച്ച് പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ രം​ഗത്ത്. അവഗണനയെ തുടർന്ന് സന്ദീപ് വാര്യർ ബി.ജെ.പി വിടുന്ന എന്ന അഭ്യൂഹങ്ങൾക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം വന്നിരിക്കുന്നത്. സി.പി.എമ്മിനെ വിമർശിക്കുന്നയാളാണെങ്കിലും സന്ദീപ് വാര്യരോട് ഒരു വെറുപ്പുമില്ലെന്നാണ് എ കെ ബാലൻ പറഞ്ഞത്.

ഒരു വ്യക്തി എന്ന നിലയിൽ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്. മറ്റ് കാര്യങ്ങൾ അറിയില്ല. ബി.ജെ.പി ആഭ്യന്തര കലഹം കൊണ്ട് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സജീവമാകാത്തതിനെ തുടർന്നാണ് സന്ദീപ് ബി.ജെ.പി വിടുകയാണെന്ന അഭ്യൂഹം പരന്നത്. മാത്രമല്ല സി.പി.എം നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

തിങ്കളാഴ്ച എന്‍.ഡി.എ നടത്തിയ കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ സീറ്റ് നല്‍കാത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പരിപാടി പൂർത്തിയാകുന്നതിന് മുമ്പ് സന്ദീപ് വാര്യർ മടങ്ങി. അതിനു ശേഷം നടന്ന പ്രചാരണ പരിപാടികളിൽ സജീവമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *