ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാ(ആന്റി സോഷ്യൽ ഡിസോർഡർ)ണെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മോഹൻ റോയ് ചെയർമാനായുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചു.
മൂന്നു കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ മുൻ രീതികൾകൂടി കണക്കാക്കുമ്പോൾ സമൂഹവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രവണതയുള്ള ആളാണ്. ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസികവിഭ്രാന്തി ഇയാളിൽ ഉണ്ടാകാമെന്നും ലഹരി ഉപയോഗം നിർത്തുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള മാനസികചേഷ്ടകൾ പ്രകടിപ്പിക്കുന്നയാളാണ് സന്ദീപെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൊലപാതകസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയ ദിവസം മെഡിക്കൽ ബോർഡ് സൂചിപ്പിച്ചിരിക്കുന്നതിൽ ഏതുനിലയിലായിരുന്നു സന്ദീപ് എന്നു കണ്ടെത്തി സമർഥിക്കേണ്ടത് അന്വേഷണസംഘത്തിന്റെകൂടി ബാധ്യതയാകുകയാണ്. പത്തുദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ നിരീക്ഷിച്ചും ഇയാളുടെ മുൻകാലപ്രവൃത്തികൾ അവലോകനം ചെയ്തുമാണ് മെഡിക്കൽ ബോർഡ് നിഗമനങ്ങളിൽ എത്തിയിരിക്കുന്നത്. മനശ്ശാസ്ത്രം, മനോരോഗം, ജനറൽ മെഡിസിൻ, നാഡി, അസ്ഥി, ഒഫ്ത്താൽമോളജി, യൂറോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങി എട്ട് വിഭാഗങ്ങളിലെ വിദഗ്ധർ അടങ്ങിയ മെഡിക്കൽ ബോർഡാണ് സന്ദീപിനെ നിരീക്ഷിച്ചത്. മദ്യലഹരിയിലും അല്ലാതെയും ഇയാൾ ബന്ധുക്കളെയും മറ്റുള്ളവരെയും അക്രമിച്ചിട്ടുള്ളതുൾപ്പെടെയുള്ള വിവരങ്ങൾ സംഘം പരിശോധിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.