‘സച്ചിൻ ബസിൽ കയറിയത് ടിക്കറ്റെടുക്കാൻ’; ആര്യ പണി നിറുത്തി പോകുമെന്ന് വിചാരിക്കേണ്ടെന്ന് എ എ റഹിം

കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നത്തിൽ മേയർ ആര്യാ രാജേന്ദ്രനു വേണ്ടി ആദ്യം ഇടപെട്ടത്ത് താൻ ആണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി എ.എ റഹിം പറഞ്ഞു. മേയറുടെ മെന്റൽ ട്രോമ തനിക്കറിയാമെന്നും റഹിം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് റഹിം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എല്ലാവർക്കും കേറി കൊട്ടിയിട്ടുപോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആർക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കിൽ അതങ്ങ് അവസാനിപ്പിച്ചേക്കണം. ഏകപക്ഷീയ ഇങ്ങനെ ആക്രണം നടത്തിയാൽ ചെയ്യുന്ന പണി നിറുത്തി വീട്ടിൽ പൊയ്ക്കോളുമെന്ന് ഒരാളും കരുതണ്ട. യൂത്ത് കോൺഗ്രസും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. അവർ ഇറക്കി വിട്ടിരിക്കുന്ന സൈബർ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലത്. ഇതെല്ലാം ഞങ്ങൾ രാഷ്ട്രീയമായി നേരിടും. മേയർ എന്ത് തെറ്റാണ് ചെയ്തത്. ഈ സംഭവത്തിന്റെ ആദ്യ മണിക്കൂറിൽ ഇടപെട്ടയാളാണ് ഞാൻ. ആര്യയോട് ഞാൻ സംസാരിച്ചതാണ്. എനിക്കറിയാം അവളുടെ മെന്റൽ ട്രോമ. അവൾക്ക് നേരിടേണ്ടി വന്ന അശ്ലീല ആഖ്യഭാഷയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ട് ചെറിയ പ്രായത്തിൽ മേയർ സ്ഥാനത്ത് എത്തിയതു മുതൽ ആര്യയെ ആക്രമിക്കുകയാണ്. അതിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്. അങ്ങിനെ ഒരു ബ്രാൻഡ് ഉയർന്നുവരണ്ട എന്നതാണ് ആ ലക്ഷ്യം.

അതൊക്കെ മനസിലാക്കാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട്. ഇതൊക്കെ കൊണ്ട് മേയർ ആര്യ പണി നിറുത്തി പോകുമെന്ന് ആരും വിചാരിക്കണ്ട. ഇക്കാര്യത്തിൽ ജനാധിപത്യപരമായും നിയമപരമായും ഡിവൈഎഫ്‌ഐ ശക്തമായി മുന്നോട്ടു പോകും’.

ഞങ്ങളുടെ പ്രിയപ്പെട്ട സഖാക്കൾ ഒറ്റക്കായി പോകുമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ സംഘടന ഒറ്റക്കെട്ടായി മുന്നിലുണ്ടാകുമെന്നും റഹിം വ്യക്തമാക്കി. സച്ചിൻ ദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും, ടിക്കറ്റ് എടുത്ത് ഡിപ്പോയിലേക്ക് പോകാനാണ് ബസിൽ കയറിയതെന്നുമാണ് റഹിമിന്റെ വിശദീകരണം. കെഎസ്ആർടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *