സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരൻ

മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്.

മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കെപിസിസി സമരാഗ്നി യാത്ര പത്തനംതിട്ട പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് കടക്കാനിരിക്കെ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനമാണ് റദ്ദാക്കിയത്.

ആലപ്പുഴയിൽ വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിന് വൈകിയതിനെ തുടര്‍ന്ന് കെ സുധാകരൻ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി.സതീശന്റെ ഓഫീസ് അറിയിച്ചത്.

കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ ദിവസം കോൺഗ്രസിന് വലിയ നാണക്കേട് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *