സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ അവതരിപ്പിച്ച ‘കയം’ നാടകം വിവാദത്തിൽ ; ‘കട്ടക്കയം പ്രേമകഥ’യുടം വികൃതാനുകരണം പുനരവതരിപ്പിച്ചാൽ കോടതിയിൽ പോകും, സുസ്മേഷ് ചന്ത്രോത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച ‘കയം’ എന്ന നാടകം വിവാദത്തിൽ. ‘കട്ടക്കയം പ്രേമകഥ’ എന്ന തന്‍‌റെ ചെറുകഥയുടെ വികൃതമായ അനുകരണമാണ് നാടകമെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു.

“ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും. കയമെന്ന പേരിൽ നിങ്ങൾ വേദിയിൽ കയറ്റി ബഹുജനങ്ങളെ കാണിച്ച ‘കട്ടക്കയം പ്രേമകഥ’ എന്ന കുട്ടി ജാരസന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലിൽ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്. എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാൽ എനിക്ക് നഷ്ടമായത്. നിങ്ങൾ ചെയ്തത് കലാപ്രവർത്തനമല്ല”- സുസ്മേഷ് ചന്ത്രോത്ത് കുറിച്ചു.

കോടതിയിൽ പോകാത്തത് കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണെന്ന് സുസ്മേഷ് ചന്ത്രോത്ത് വ്യക്തമാക്കി. ആ കുഞ്ഞുങ്ങൾ നിരപരാധികളാണ്. എന്നാൽ നാടകത്തിന്‍റെ പുനരവതരണങ്ങളുമായി സ്‌കൂളും നാടക പ്രവർത്തകരും മുന്നോട്ടു പോകുകയാണെങ്കിൽ മത്സര വിധിക്കെതിരെ ഉൾപ്പെടെ കോടതിയെ സമീപിക്കും. കലയിലെ മോഷണവും അതിന്റെ വ്യാജ പിതൃത്വവും ആഘോഷങ്ങളും അനുവദിക്കപ്പെടാൻ പാടില്ല. അകമഴിഞ്ഞ് പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *