‘സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ല’; മന്തി പി പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ. ഇസ്മയിലിന്റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറിയടക്കമുളളവരാണ് ബിനോയ് വിശ്വത്തിന് ചുമതല നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പിന്തുടർച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പരാമർശം. ഈ വിഷയത്തിൽ ഇസ്മയിൽ ഇങ്ങനെ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പ്രസാദ് പറഞ്ഞു. കാനം രാജേന്ദ്രൻ കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും. പാർട്ടി സംഘടനാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശസ്ത്രക്രിയയെത്തുടർന്ന് മൂന്ന് മാസം വിശ്രമം വേണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീറും ഇ ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേർന്ന കൂട്ടായ നേതൃത്വമായിരിക്കും പാർട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ അവധിക്കുള്ള കാനത്തിന്റെ കത്തിൽ ബിനോയ് വിശ്വത്തിന് ചുമതല നൽകാമെന്ന് നിർദ്ദേശിച്ചതായാണ് പിന്നീട് പുറത്തുവന്ന വാർത്ത. കാനം പകരക്കാരനെ നിർദ്ദേശിച്ചുവെന്ന ഈ കത്തിന്റെ ശരിതെറ്റുകളാണ് ഇസ്മയിൽ ചോദ്യംചെയ്തത്. പകരക്കാരനെ നിർദ്ദേശിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യക്തമാക്കിയ ഇസ്മയിൽ, കത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽത്തന്നെ അതിന് ചെവികൊടുക്കേണ്ടതില്ലായിരുന്നുവെന്നാണ് വ്യംഗ്യമായി സൂചിപ്പിച്ചിരുന്നത്’- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *