സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവർമ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഷവർമ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. മാർഗനിർദേശങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും അനുവദിക്കില്ല. മാർഗനിർദേശങ്ങളിൽ നിന്നും വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അപ്പോൾതന്നെ കർശന നടപടി സ്വീകരിക്കുന്നതാണ്.
എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ 5 ലക്ഷം രൂപ വരെ പിഴയോ ആറ് മാസം തടവോ ലഭിക്കാം.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. ജില്ലകളിൽ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ പല ടീമുകളായി തിരിച്ചാണ് സ്ക്വാഡുകൾ സജ്ജമാക്കുന്നത്.