നടൻ ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ. എന്നാൽ ഇവരുമായി ലഹരി ഇടപാട് ഇല്ലെന്നാണ് കോടതിയിൽ ഹാജരാക്കുന്ന വേളയിൽ തസ്ലിമ പ്രതികരിച്ചത്. മുൻപ് ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്‌സൈസിന് നൽകിയ മൊഴി. എന്നാൽ ഇപ്പോൾ ഇത് നിഷേധിക്കുകയായിരുന്നു.സിനിമ മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത് അതിനാൽ ഷൈൻ ടോം ചാക്കോയെയും മറ്റു നടന്മാരെയും പരിചയം ഉണ്ട് എന്നാണ് ഇപ്പോൾ പറയുന്നത് .
ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്‌സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.