ഷഫ്നയുടെ മരണം കൊലപാതകം; ശരീരത്തിൽ മുറിവുകളും ബലം പ്രയോഗിച്ച പാടുകളും, ആരോപണവുമായി ബന്ധുക്കൾ

കണ്ണൂർ ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്ത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരി ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷഫ്ന ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം ആരോപിച്ചു. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഷഫ്‌നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച്‌ ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഷഫ്‌നയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *