ശിവഗിരി മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സമാധിയായി

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായ സ്വാമി മഹേശ്വരാനന്ദ (83) സമാധിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 1.33-ന് വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍വെച്ചാണ് സമാധി പ്രാപിച്ചത്. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഗുരുധര്‍മം പാലിച്ചും പ്രചരിപ്പിച്ചും ഗുരുചര്യയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചുവരികയായിരുന്നു സ്വാമികള്‍.

തിരുവനന്തപുരം അരുമാനൂര്‍ പുളിനിന്നതില്‍ വീട്ടില്‍ ഭാനുവൈദ്യന്റേയും ചെല്ലമ്മയുടേയും മകനായി 1941-ല്‍ ജനിച്ചു. പൂര്‍വാശ്രമത്തിലെ പേര് സാംബശിവന്‍ എന്നായിരുന്നു. ബാല്യകാലം മുതല്‍ക്കുതന്നെ അദ്ധ്യാത്മിക രംഗത്ത് ആകൃഷ്ടനായ സാംബശിവന്‍ കൗമാരകാലത്ത് വാഴമുട്ടം ശിവന്‍ കോവിലില്‍ വൈദിക സഹായിയായി. 16-ാം വയസ്സില്‍ ശിവഗിരി മഠത്തിലെത്തി പൂജാകാര്യങ്ങളില്‍ വ്യാപൃതനായി.

ദീര്‍ഘകാലത്തെ ഗുരുസേവയ്ക്കിടയില്‍ വടക്കേ ഇന്ത്യയിലെ തീര്‍ത്ഥഘട്ടങ്ങളിലൂടെ പരിവ്രാജകനായി ചുറ്റിസഞ്ചരിച്ച സ്വാമികള്‍ ശിവഗിരി മഠത്തില്‍നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് ഗുരുദേവന്റെ സന്ന്യസ്ത ശിഷ്യപരമ്പരയുടെ ഭാഗമായി.

മഠത്തിന്റെ ശാഖാനുബന്ധ സ്ഥാപനങ്ങളായ അരുവിപ്പുറം മഠം, മധുര ശാന്തലിംഗസ്വാമി മഠം, തൃത്താല ധര്‍മഗിരി ക്ഷേത്രം, കാഞ്ചീപുരം സേവാശ്രമം, ആലുവാ അദ്വൈതാശ്രമം തുടങ്ങിയ ആശ്രമസ്ഥാപനങ്ങളില്‍ പലകാലങ്ങളിലായി ഗുരുസേവയില്‍ മുഴുകി ധര്‍മ്മപ്രചരണം നടത്തിയിരുന്ന സ്വാമികള്‍ ധര്‍മ്മസംഘം ട്രസ്റ്റ് ഭരണസമിതിയിലും ഒരു കാലയളവില്‍ അംഗമായിരുന്നിട്ടുണ്ട്. സ്വാമികളുടെ ഭൗതികദേഹം മാര്‍ച്ച് 14-ന് രാവിലെ ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 10 മണിയോടെ ശിവഗിരിയില്‍ സന്ന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *