‘ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല, ആക്രമിച്ചവർ ആയുധങ്ങൾ മാത്രം, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത്’

തൊടുപുഴ ന്യൂമാൻ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫസർ ടി ജെ ജോസഫ്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ചില പ്രാകൃതവിശ്വാസങ്ങളുടെ ഇരകളെന്ന് ടി. ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും ടി ജെ ജോസഫ് പറഞ്ഞു. ശിക്ഷാ വിധി വരുമ്പോൾ, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിക്ഷയിലൂടെ ഇരയ്ക്ക്‌നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും രാജ്യത്തിനാണ് നീതി കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെയും തന്നെ ഉപദ്രവിച്ചവരുടെയും മുറിവുകൾ മാറട്ടെയെന്നും ഒന്നാം പ്രതിയെ കിട്ടാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ. ടി ജെ ജോസഫിന്റെ വാക്കുകൾ

‘2015 ൽ ആദ്യഘട്ട വിധി വന്നപ്പോൾ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതിൽ ഉത്ക്കണ്ഠയില്ല. സാധാരണ പൌരനെ പോലെ കൌതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രം. പ്രതികളെ ശിക്ഷിച്ചതിൽ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. പ്രതികളും എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇതിനെല്ലാം നിർദ്ദേശിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ അവരെ പിടിക്കാൻ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകർത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *