ശമ്പള വര്‍ധന ഉൾപ്പെടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം; സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്കിലേക്ക്

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി. ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികൾ ഇന്ന് സൂചന പണിമുടക്കും നടത്തുന്നുണ്ട്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല.

ശമ്പളം വ‍ധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഇനി ഭക്ഷണം വിതരണം ചെയ്യില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *