ശബരിമല: പരമ്പരാഗത പാതയിൽ വിശ്വാസികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു

ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. മരക്കൂട്ടം മുതൽ ശരംകുത്തിവരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ഉണ്ടായ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്തിരുന്നു. ഇതോടെ കരിങ്കൽ പാകിയ പാതയിൽ വിശ്വാസികൾക്ക് സുഗമമായ യാത്ര സാധ്യമാകും.

തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പൊലീസും തമ്മിലെ ഏകോപനമില്ലായ്മയിൽ തീർത്ഥാടകർക്കുണ്ടായ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടു പിന്നാലെ അധികൃതർ ഇടപെട്ടു. പ്രായമായവർക്കും കുട്ടികൾക്കും എല്ലാം പുതുതായി കരിങ്കൽപാകിയ പരമ്പരാഗത പാതയിലൂടെ സുഗമമായ തീർത്ഥാടനം സാധ്യമായത്. ഈ സീസണിന്റെ തുടക്കത്തിലാണ് കോടികൾ ചെലവിട്ട് പരമ്പരാഗത പാത കരിങ്കല്ല് പാകി വൃത്തിയാക്കിയത്.

എന്നിട്ടും തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ ക്യൂ കോംപ്ലക്സുകൾക്ക് പിൻവശത്ത് മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ വനഭൂമിക്ക് സമീപത്തെ മൺപാതയിലൂടെ പറഞ്ഞുവിട്ടതാണ് തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കിയത്. ക്യൂ കോംപ്ലക്സുകൾക്ക് മുന്നിലൂടെ ആളുകൾ കടന്നുപോകാൻ തുടങ്ങിയതോടെ കച്ചവടക്കാർക്കും സന്തോഷമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കച്ചവടത്തിലുണ്ടായ ഇടിവ് നികത്തപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *