വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ എസ് യു നേതാവും; പരാതി നൽകി കേരള സർവകലാശാല

വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുരുക്കിൽ കെ എസ് യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെയാണ് ആരോപണം. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പരാതി നൽകിയത് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.

അതേസമയം സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് അൻസിൽ ജലീൽ. കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അൻസിൽ ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി.എ ഹിന്ദി ലിറ്ററേച്ചറാണ്  സർവകലാശാലയിൽ പഠിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നും അൻസിൽ ജലീൽ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അൻസിൽ ജലീൽ പറഞ്ഞു. കെഎസ്യു നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉണ്ടയില്ല വെടിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *