‘വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു’; വയനാട് തനിക്ക് കുടുംബം പോലെയെന്ന് രാഹുൽ ഗാന്ധി

രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു. വയനാട് തനിക്ക് കുടുംബം പോലെയാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി എം.പി. പ്രത്യശാസ്ത്രപരമായി എതിർ ഭാഗത്ത് ഉള്ളവരുമായും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മലപ്പുറം വണ്ടൂരിൽ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഹുൽ​ഗാന്ധി എത്തിയിരിക്കുന്നത്. നാല് ജില്ലകളിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കും. 

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കി.

ആലപ്പുഴയിലേക്ക് കെ സി വേണുഗോപാലില്ലെന്നും മത്സരിക്കണോ വേണ്ടയോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ ദില്ലിയില്‍  പറഞ്ഞു. 

‘രാഹുൽ ​ഗാന്ധി തീര്‍ച്ചയായും വയനാട്ടില്‍ നിന്ന് മത്സരിക്കും. മാറ്റം വരേണ്ട സാഹചര്യമില്ല. അദ്ദേഹത്തിന് വലിയ വാത്സല്യവും സ്നേഹവുമാണ് കിട്ടുന്നത്.’ പിന്നെ എന്തിന് മാറണമെന്നും താരിഖ് അൻവർ ചോദിച്ചു. രാഹുല്‍ ഗാന്ധി ഇക്കുറിയും വയനാട്ടിലേക്ക് തന്നെയോ? അതോ തമിഴ് നാട്ടിലേക്കോ? കര്‍ണ്ണാടകയും ഉന്നമിടുന്നോ? അഭ്യൂഹങ്ങള്‍ പലത് പ്രചരിക്കുമ്പോഴാണ് താരിഖ് അന്‍വര്‍ വ്യക്തത വരുത്തുന്നത്. 

‘വയനാട്ടില്‍ നിന്ന്  മാറേണ്ടേ ഒരു സാഹചര്യവും  നിലവിലില്ല. രാഹുലിനെ വയനാടും വയനാടിനെ രാഹുലും നെഞ്ചിലേറ്റിക്കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന്  മറുപടി ഇങ്ങനെ. എനിക്ക് തോന്നുന്നില്ല. പക്ഷേ അദ്ദേഹത്തിന് തീരുമാനിക്കാം. അദ്ദേഹം പാര്‍ട്ടി നേതാവാണ്. വടക്കേന്ത്യയില്‍ മത്സരിക്കാനും അദ്ദേഹത്തിന് കഴിയും. എന്നാല്‍ ഇപ്പോള്‍ വയനാട് സുരക്ഷിതമാണ്.’

സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളേയും താരിഖ് തള്ളുന്നു. ലോക് സഭ തെരഞ്ഞെടുപ്പില്‍ കെ സി മത്സരിക്കില്ല. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും താരിഖ്  അന്‍വര്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ താല്‍പര്യം അദ്ദേഹം മത്സരിക്കേണ്ടെന്നാണ്. തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്. 

Leave a Reply

Your email address will not be published. Required fields are marked *