വൈറലായ ഡാൻസർ ലീലാമ്മ ഇനി സിനിമയിലേക്ക്

‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ ‘അവ്വൈ സന്തോഷ്” പറഞ്ഞു.

കാക്കനാട് പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ നാടക നടൻ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. ‘സന്ദർശകരുടെ ബഹളമായതിനാൽ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞു”- സീരിയൽ നടൻകൂടിയായ സന്തോഷ് പറഞ്ഞു. നൃത്തം വൈറലായതോടെ ലീലാമ്മയുടെ വീട്ടിലും സന്ദർശക തിരക്കാണ്. ഫോണിനും വിശ്രമമില്ല. കാളുകൾക്ക് മക്കളാണ് മറുപടി നൽകുന്നത്. അഭിമുഖത്തിനായി പലരും വരുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് പട്ടാമ്പിയിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ ലീലാമ്മയുടെ നൃത്തമാണ് വൈറലായത്. മകൻ പറഞ്ഞതിനെ തുടർന്നാണ് സാരി മടക്കിക്കുത്തി സ്റ്റേജിൽ നിറഞ്ഞാടിയത്. ലീലാമ്മ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ ലീലാമ്മയുടെ നൃത്തം കണ്ടവർ അതു വിശ്വസിക്കുന്നില്ല. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ കോളേജ്കാലത്ത് എങ്ങനെയായിരിക്കും എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘സ്കൂളിൽ പോയിട്ടില്ല, പിന്നല്ലേ കോളേജ്” എന്നാണ് ഇതിന് ലീലാമ്മയുടെ മറുപടി. നൃത്ത വീഡിയോ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഷെയർ ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനമറിയിച്ചു. മിനി ജോയി,​ സിനി സുധീർ എന്നിവരാണ് മറ്റു മക്കൾ. 

Leave a Reply

Your email address will not be published. Required fields are marked *