വൈദ്യുതി നിരക്ക് വർധന ; അദാനിയുമായി ദീർഘകാല കരാറില്ല , രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്‌ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. അദാനിയുമായി ദീർഘകാല കരാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് പൊതുവിൽ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത്. നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. കുറഞ്ഞ ചിലവിൽ വൈദ്യുതി കിട്ടിയാൽ അടുത്ത വർഷം നിരക്ക് കുറയുമെന്നും’ മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയത് അദാനിക്ക് വേണ്ടിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. അദാനി പവറിൽ നിന്ന് കേരളം വാങ്ങുന്ന വൈദ്യുതിയുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു ആക്ഷേപം. വൈദ്യുതി നിരക്ക് വർധന അഴിമതിയും പകൽക്കൊള്ളയുമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *