വൈഗ കൊലക്കേസ് ; അച്ഛൻ സനുമോഹൻ കുറ്റക്കാരൻ, ശിക്ഷാ വിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം

കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം ഉച്ച കഴിഞ്ഞു നടക്കും.കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.

കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്‍റെവീട്ടിലേക്കെന്ന് പറഞ്ഞ് മകള്‍ വൈഗയുമായി പുറപ്പെട്ട സനുമോഹന്‍ കങ്ങരപ്പടിയിലെ തന്‍റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍ നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ ചുറ്റിയെടുത്ത് കാറിന്‍റെ പിന്‍സീറ്റിലിട്ട് മുട്ടാര്‍ പുഴ ലക്ഷ്യമാക്കി തിരിച്ചു. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നു.

സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുയായിരുന്നു ലക്ഷ്യം.ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംമ്പിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പിടികൂടിയത്. തെളിവുശേഖരണവും കുറ്റപത്രം സമര്‍പ്പിക്കലുമെല്ലാം വേഗത്തിലായി. ഒരു വര്‍ഷത്തോളം കേസിന്‍റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *