വേണാട് എക്സ്പ്രസിൽ ദുരിതയാത്ര; യാത്രക്കാര്‍ കുഴ‍ഞ്ഞുവീണു: പ്രതിഷേധം

വേണാട് എക്സ്പ്രസിൽ കാലുകുത്താൻ പോലും ഇടമില്ലാതെ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു.

സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയാണ് ട്രെയിനില്‍ തളര്‍ന്നുവീഴുന്നത്. 

വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിൻ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിന്‍റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

വേണാട് എക്സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിൻ പിടിച്ചിടാത്ത തരത്തിൽ സമയം പുനക്രമീകരിക്കണമെന്നും മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്‍റെ ആവശ്യം.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിൻ പലപ്പോഴും ഏറെ വൈകിയാണ്  ഷൊര്‍ണൂരിൽ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്സ്പ്രസ് പിടിച്ചിടുന്നതിൽ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കാതെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *