വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ; പൊലീസുകാരെന വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തൽ.ഒന്നാംപ്രതി രൂപേഷ്, നാലാംപ്രതി കന്യാകുമാരി,ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് എൻഐഎ കോടതി വിധിച്ചത്. യു.എ.പി.എ നിയമപ്രകാരം നാലുപേരും കുറ്റക്കാരാണ്. രൂപേഷിനും കന്യാകുമാരിക്കുമെതിരായ ഗൂഢാലോചനാ കുറ്റവും,ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും കോടതി തെളിഞ്ഞു.

ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്ന് രൂപേഷ് കോടതിയിൽ പ്രതികരിച്ചു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളായിരുന്നു. സാധാരണ ഗതിയിലെങ്കിൽ കേസ് പോലും നിലനിൽക്കില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തുവെന്ന് ആരോപിക്കുന്നതെന്നും രൂപേഷ് പറഞ്ഞു.

2014 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സിവിൽ പൊലീസ് ഓഫീസറായ എ.ബി പ്രമോദിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നൽകി എന്നാരോപിച്ചാണ് സിവിൽ പൊലീസ് ഓഫീസറായ എ.ബി പ്രമോദിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തിയത്.തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സിപിഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പ്രമോദിന്റെ മോട്ടോർ സൈക്കിൾ കത്തിക്കുകയും ചെയ്തു. ശേഷം ലഘുലേഖകൾ വീടിന്റെ പരിസരത്ത് വിതറി. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ ഭിത്തിയിലൊട്ടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *