വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്ഐആർ ഇടാൻ പറ്റൂ; എ.കെ.ബാലൻ

പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിൾക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും ബാലൻ പറഞ്ഞു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികമായും പ്രശ്‌നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഇടണമെന്ന് ഹൈക്കോടതിക്കു തന്നെ പറയാമായിരുന്നു. കോടതി അത് പറയാത്തത് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ലെന്ന ഉമ്മൻ ചാണ്ടി കേസിലെ കോടതി ഉത്തരവു കാരണമാണ്. ഇക്കാരണത്താൽ റിപ്പോർട്ടിലെ വെളിപ്പെടുത്തതിൽ സ്വമേധയാ കേസെടുക്കാൻ സർക്കാരിന് സാധിക്കില്ല. കമ്മിഷൻ റിപ്പോർട്ട് നിയമപ്രകാരം സാധുതയില്ലാത്ത ഒന്നാണ്.

പൊലീസ് അന്വേഷണം നടത്തി അതിന്റെ റിപ്പോർട്ട് പ്രകാരം മാത്രമേ മുന്നോട്ടുപോകാനാകൂ. ആ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ നേരിടുന്ന ചില പ്രശ്‌നങ്ങളാണ്. അതുകൊണ്ടാണ് കോടതി പറഞ്ഞത് ഇത് ഞങ്ങൾ അഭിസംബോധന ചെയ്യേണ്ട പ്രശ്‌നമാണെന്ന്. കേസിൽ അടുത്ത വാദം കേൾക്കുന്ന സെപ്റ്റംബർ പത്തോടെ ഇതിൽ ഒരു തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ എൻജിൻ ഒരു ഭാഗത്തും കോച്ച് മറ്റൊരു ഭാഗത്തുമാണ്. ഇതിനെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്. സർക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *