വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി ജി പി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സി ബി ഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന് ആഭ്യന്തര സെക്രട്ടറി ആരോപിച്ചിരുന്നു. നേരത്തെ വിജ്ഞാപനം ഇറങ്ങിയിട്ടും പൊലീസ് നടപടിക്രമങ്ങൾ വൈകിപ്പിച്ചവെന്നായിരുന്നു ആരോപണം.

സർക്കാർ വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെ പ്രെഫോമ രേഖകൾ നൽകുന്നതാണ് ഇതുവരെയുള്ള നടപടിക്രമങ്ങൾ. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി ഡി ജി പിയോട് വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് രേഖകൾ ആവശ്യപ്പെട്ടത്. ഇരുപത്തിയഞ്ചിന് രേഖകൾ നൽകിയെന്നും സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെന്നും ഡി ജി പി വിശദീകരിച്ചു.

ഫെബ്രുവരി 18നാണ് ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂര മർദനമാണ് സിദ്ധാർത്ഥിന് ഏൽക്കേണ്ടിവന്നത്. കേസ് അടുത്തിടെ സി ബി ഐ ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *