വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. എആർ ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്‌ഐ സി.വി. സജീവിനെതിരേയുള്ള
റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറി.സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സംഭവത്തെക്കുറിച്ച് നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.എആർ ക്യാമ്പ് കമാൻഡന്റിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി തുടങ്ങിയതായി കമ്മിഷണർ അറിയിച്ചു.
ഈ മാസം പത്തിന് എറണാകുളം എ.ആർ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം.ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയത്.ഇവ സാധാരണ വെയിലത്തിട്ട് ഉണക്കുകയാണ് പതിവ്. എന്നാൽ, ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാരച്ചടങ്ങിൽ ആചാരവെടിവയ്ക്കൺ പെട്ടെന്നു പോകേണ്ടതിനാൽ ക്ലാവുപിടിച്ച വെടിയുണ്ട അടുക്കളയിൽ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകൾ പൊട്ടിത്തെറിച്ചത്.