‘വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും’; എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് ഭീഷണി

എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്.എഫ്.ഐ. നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്.എൻ. കോളേജ് വിദ്യാർഥിയും കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായിരുന്ന വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ആരോമൽ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ. ജില്ലാ നേതാവ് ഫോണിലൂടെ ഭീഷണിമുഴക്കുന്നതിന്റെ ക്ലിപ്പും വിഷ്ണു പുറത്തുവിട്ടിട്ടുണ്ട്.

കുറച്ചു ദിവസമായി എസ്എൻ കോളേജിലെ എസ്എഫ്‌ഐ നേതാക്കളിൽ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ സംസാരിച്ചാൽ കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വീടുവരെ അടിക്കുമെന്നാണ് ഭീഷണി.

വീട്ടിൽ കയറി വീട്ടുകാരുടെ മുന്നിലിട്ടും ചെവിക്കല്ല് അടിച്ചുപൊടിക്കുമെന്നും ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നും പറയുന്നുണ്ട്.

‘നീ എസ്.എഫ്.ഐ.ക്കാരെ വിരട്ടുന്നോ, നീ ഒന്ന് തൊട്ടുനോക്കടാ എസ്.എഫ്.ഐ.ക്കാരെ, നീ എന്നാ എസ്.എഫ്.ഐ. കാണാൻ തുടങ്ങിയത്’ എന്നാണ് വിഷ്ണു പുറത്തുവിട്ട ഓഡിയോക്ലിപ്പിൽ ആരോമൽ ചോദിക്കുന്നത്. ‘എനിക്ക് സ്വാതന്ത്ര്യമില്ലാത്ത സംഘടന എനിക്ക് വേണ്ട, ഇവിടെ ആരെയും വിരട്ടുകയൊന്നുമല്ല’ എന്ന് വിഷ്ണു മറുപടി നൽകിയപ്പോൾ ‘നിന്റെ എ.ഐ.എസ്.എഫിന്റെ സെക്രട്ടറിയോട് ചോദിച്ചാൽ മതിയെടാ, എസ്.എഫ്.ഐ.ക്കാരുടെ അടി എങ്ങനെയുണ്ടായിരുന്നെന്ന്. പേടിച്ചോടിയവന്മാർ അല്ലേ അവന്മാർ’ എന്നായിരുന്നു ആരോമലിന്റെ പ്രതികരണം. സംഘടനാ വിരുദ്ധ നടപടികൾ മടുത്താണ് എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്നതെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് ഭീഷണിയാണ് മറുപടിയെന്നും വിഷ്ണു മനോഹരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *