വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസ്; വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസിൽ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽവിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലത്ത് ഡോക്ടർ താമസിച്ച ക്വാർട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാൻ ഉപയോഗിച്ച എയർപിസ്റ്റൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും.

ജൂലായ് 28-നാണ് വഞ്ചിയൂർ ചെമ്പകശ്ശേരിയിൽ ഷിനിയെ വനിതാ ഡോക്ടർ വീട്ടിൽക്കയറി വെടിവെച്ചത്. എയർപിസ്റ്റൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറിൽ മുഖംമറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടറെ ജൂലായ് 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡ്യൂട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭർത്താവ് സുജീത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.

ഒരുവർഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വനിതാഡോക്ടർ വെടിവെപ്പ് നടത്തിയത്. ഓൺലൈൻ വഴിയാണ് എയർപിസ്റ്റൾ വാങ്ങിയതെന്നും ഇന്റർനെറ്റിലൂടെയാണ് വെടിവെയ്ക്കാനുള്ള പരിശീലനം നേടിയതെന്നും ഡോക്ടർ മൊഴിനൽകിയിരുന്നു. അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടർ സുജീത്തിനെതിരേ പീഡനപരാതി നൽകി.

കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്തിരുന്ന സമയത്ത് സുജീത്തുമായി സൗഹൃദമുണ്ടായിരുന്നതായും വിവാഹവാഗ്ദാനം നൽകി സുജീത്ത് ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതിനുശേഷം ഇയാൾ മാലദ്വീപിലേക്ക് പോയതായും ഡോക്ടർ മൊഴി നൽകിയിരുന്നു. വനിതാഡോക്ടറുടെ പരാതിയിൽ സുജീത്തിനെതിരേ പോലീസ് പീഡനക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *