വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.

പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് ശ്യാംജിത്തിന് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്ന് പ്രോസിക്യൂഷൻ നേരത്തേ പറഞ്ഞിരുന്നു.

വിഷ്ണുപ്രിയയുടെ മുൻ സുഹൃത്തായിരുന്നു ശ്യാംജിത്ത്. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയുമായിരുന്നു. ഈ സുഹൃത്തിനെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *