‘വിശദീകരിച്ച് മടുത്തു’; കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി

കൊച്ചിയിലേക്ക് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായി എത്തില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തൽ നടത്തിയ ബംഗാളി നടി. ‘റിയൽ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നതായി അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്മെന്റിന്റെ പ്രധാനഭാഗമായി താൻ മാറുകയും ചെയ്തെന്ന് അവർ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തിൽ എത്താൻ സാധിക്കാത്തതെന്നും അവർ വ്യക്തമാക്കി.

പരിപാടിയിലേക്ക് ക്ഷണിച്ച സംവിധായകൻ ജോഷി ജോസഫിനോടും നടി ഖേദം പ്രകടിപ്പിച്ചു. മറ്റൊരു അവസരത്തിൽ കേരളത്തിലേക്ക് വരുമെന്നും തന്റെ ഭാഗം താൻ നിർവഹിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നടി കുറിപ്പിനൊപ്പം പങ്കുവെച്ച പോസ്റ്റർ പ്രകാരം, സംവിധായകൻ ജോഷി ജോസഫ്, തുഷാർ ഗാന്ധി, ധന്യ രാജേന്ദ്രൻ എന്നിവരാണ് പരിപാടിയിലെ മറ്റ് അതിഥികൾ. അതേസമയം, രഞ്ജിത്തിനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി കൊച്ചിയിലെത്തുമ്പോൾ രേഖപ്പെടുത്താനായിരുന്നു പോലീസിന്റെ നീക്കം. നടി കൊച്ചിയിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ മറ്റ് വഴിതേടേണ്ട സാഹചര്യമാണ് പോലീസിനുമുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *