വിഴിഞ്ഞത്ത് ബ്രേക്ക്‌വാട്ടർ നിർമാണം പൂർത്തിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ പ്രധാന വെല്ലുവിളിയായ ബ്രേക്ക്വാട്ടറിൻ്റെ പണി പൂർത്തിയായി. 2016-ലാണ് നിർമാണം ആരംഭിച്ചത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ പൂർത്തിയാക്കിയത്.

കടലിൽ കല്ലിട്ട് തുറമുഖത്തിൻ്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്‌വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്‌വാട്ടറിനായി 70 ലക്ഷം ടൺ കരിങ്കല്ലാണ് കടലിൽ നിക്ഷേപിച്ചത്.

കടലിൽ 14 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് കല്ലുകൾ നിക്ഷേപിച്ചത്. അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്‌തൃതിയിൽ കല്ലുകൾ അടുക്കി നിർമിച്ച് ഇതിൻ്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ ബ്രേക്ക് ‌വാട്ടർ തുറമുഖത്തിന് സംരക്ഷണകവചമൊരുക്കും.

ആദ്യഘട്ടത്തിൽ ഓഖി ചുഴലിക്കാറ്റുൾപ്പെടെ ബ്രേക്ക്വാട്ടറിൻ്റെ  നിർമാണത്തിന് തടസ്സമായി. ബ്രേക്ക് വാട്ടറിന്റെ കുറച്ചുഭാഗം നശിക്കുകയും ചെയ്തു. പിന്നീട് പാറലഭ്യതയായിരുന്നു പ്രശ്‌നം. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുള്ള ക്വാറികളിൽനിന്ന് കല്ലെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *