വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണ സമരവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി ഇന്നലെ വിളിച്ച ചർച്ച നടന്നില്ല. ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല.
അതിനിടെ, തുറമുഖ നിർമാണ വിഷയത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ലത്തീൻ അതിരൂപത പ്രതിനിധികൾ ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകും.
തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.