വിഴിഞ്ഞം മികച്ച തുറമുഖമാകും; പിണറായി കാലത്ത് പറ്റില്ലെന്ന് യുഡിഎഫ് നിലപാടെന്ന് സജി ചെറിയാൻ

പണി തീർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞമെന്നും ഗതാഗത സൗകര്യമടക്കം എല്ലാ സൗകര്യവും ഉണ്ടാകുമെന്നും മുൻമന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തുറമുഖ നിർമ്മാണം നിർത്തി വെക്കണോയെന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കിയാൽ നല്ലതെന്ന് സജി ചെറിയാൻ പറഞ്ഞു. തുറമുഖ നിർമാണം വേണോ വേണ്ടേ എന്നതിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടോ. അദാനിയെ കൊണ്ട് വരാൻ പറ്റില്ലെന്ന് ഹൈക്കമാന്റ് നിലപാട് തള്ളിയാണ് അന്നത്തെ യുഡിഎഫ് സർക്കാർ കരാർ നൽകിയത്. എല്ലാ ക്ലിയറൻസും ടേംസ് ഓഫ് റഫറൻസും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് അടക്കം നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ട് വലിയ ബാധ്യതകൾ എൽഡിഎഫിന് മേൽ വച്ചു. സ്ഥലം എംപി ശശി തരൂരിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട നിലപാട് എന്താണ് അത് പറയാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

തുറമുഖം വേണമെന്നായിരുന്നു സിപിഎമ്മിന്റെ മുൻ നിലപാട്. അന്ന് ലാൻഡ് ലോർഡ് മോഡൽ കരാർ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാലത് യുഡിഎഫ് അംഗീകരിച്ചില്ല. അദാനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി ഉണ്ടോയെന്നും മത്സ്യതൊഴിലാളികൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അതും ചർച്ച ചെയ്യണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഉത്തരവാദിത്തവും പിണറായി സർക്കാരിനെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. തീരത്തിന്റെ കണ്ണീരൊപ്പിയ സർക്കാർ ഇത് പോലെ വേറെ ഇല്ല. മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ലെന്ന വാദം തെറ്റാണെന്നും അന്നും ഇന്നും മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യം തന്നെയാണെന്നും സജി ചെറിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *