വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ ; ചരക്ക് നീക്കം അതിവേഗത്തിൽ

ട്രയൽ റണ്ണിന് ശേഷം അന്താരാഷ്ട്ര തുറമുഖമായി പ്രവർത്തനം ആരംഭിച്ചതോടെ അതിവേഗത്തിലാണ് വിഴിഞ്ഞത്ത് ചരക്ക് നീക്കം. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി പോർട്ട് കൂടുതൽ വേഗത കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമെത്തിയ ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്‌സി)യുടെ മൂന്നു കപ്പലുകളാണ് ബെർത്തിൽ നിരനിരയായി ചരക്ക് നീക്കം നടത്തിയിരിക്കുന്നത്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. നിലവിൽ പൂർത്തിയായ 800 മീറ്റർ നീളമുള്ള ബെർത്തിൽ 700 മീറ്ററോളം സ്ഥലമാണ് മൂന്നു കപ്പലുകൾക്കുമായി ബെർത്തിംഗിന് ആവശ്യമായി വന്നത്.

ശനിയാഴ്ച പ്രമുഖ ഷിപ്പിങ് കമ്പനിയായ മെസ്‌കിന്‍റെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തി ചരക്ക് നീക്കം നടത്തി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎസ്‌സിയുടെ കപ്പലുകൾ വിഴിഞ്ഞടുത്തത്. പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ഘട്ടംഘട്ടമായി ടഗുകളുടെ സഹായത്തോടെ ബെര്‍ത്തിലടുപ്പിച്ചത്. ഇവിടെ നിന്ന് കണ്ടെയ്നറുകളും കയറ്റിയാവും ഇവ അതത് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പുറപ്പെടുക. കഴിഞ്ഞ രണ്ട് മാസം മുമ്പ് രണ്ട് കപ്പലുകളെ ഒരേ സമയം അടുപ്പിച്ച് ചരക്ക് നീക്കവും നടത്തിയിരുന്നു. ജൂലൈ 11ന് മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ എത്തിയതോടെയാണ് തുറമുഖ ട്രയൽ റൺ ആരംഭിച്ചത്.

കഴിഞ്ഞ ഡിസംബർ മൂന്ന് മുതൽ കോമേഴ്സ്യൽ തുറമുഖമായി പ്രവർത്തനം തുടരുന്ന തുറമുഖത്ത് 110 ഓളം കപ്പലുകൾ വന്നു കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും എംഎസ്‌സിയുടെ കപ്പലുകളായിരുന്നു. 2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെ കണ്ടെയ്നർ കൈകാര്യ ശേഷി വർഷം 30 ലക്ഷമാവുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2034 വരെ ജിഎസ്ടി മാത്രമാകും സംസ്ഥാനത്തിന് ലഭിക്കുക. ജിഎസ്‌ടിയായി ഡിസംബർ വരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന്‌ കിട്ടും. 2034 മുതൽ വരുമാന വിഹിതം കൂടി ലഭിച്ചു തുടങ്ങും. തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 1600 കോടി രൂപയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *