വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല; ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിൽ

പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സപ്ലൈകോകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും.

വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

സർക്കാരിന്‍റെ  നയപരമായ തീരുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മിൽ ഏറെ അന്തരം ഉണ്ട്. 1525 കോടി രൂപയുടെ ബാധ്യതയാണ് സപ്ലൈക്കോക്ക് ഉള്ളത്. വിധ സർക്കാരുകളുടെ കാലത്ത് ഉൾപ്പെടെ ഉണ്ടായ ബാധ്യതയാണ് ഇത്.

വിപണിയിലെ വിലമാറ്റം അനുസരിച്ച് ഇനി മാറ്റമുണ്ടാകും. ചിലപ്പോൾ വില കുറയും, ചിലപ്പോള്‍  വില കൂടും. ശരാശരി 1446 രൂപയുള്ള 13 ഉത്പന്നങ്ങൾ 940 രൂപക്ക് കിട്ടും. 506 രൂപയുടെ വ്യത്യാസം ജനങ്ങൾക്ക് ഉണ്ടാകും, ഇത് അന്തിമമായ വിലയല്ലെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ദുർബലമാകാൻ പാടില്ല. ധനമന്ത്രിയുടെ കസേരയിൽ താനിരുന്നാലും ഇതേ ചെയ്യാൻ കഴിയൂ. എത്രയും വേഗം വിലവ്യത്യാസം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *