‘വിദ്യാർത്ഥിനിയെ മർദിച്ചിട്ടില്ല , സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ട്’ ; വിശദീകരണവുമായി ജയ്സൺ ജോസഫ്

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി സിപിഐഎം ഏരിയ കമ്മറ്റി അംഗം ജയ്സൺ ജോസഫ്. തനിക്കെതിരെ നടന്നത് മൗണ്ട് സിയോൺ മാനേജ്മെന്റ് – യൂത്ത് കോൺഗ്രസ് ഗൂഢാലോചനയാണ്. വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ എല്ലാറ്റിനും തെളിവാണ് എന്നും ജയ്സൺ ജോസഫ് പറഞ്ഞു.

ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത് പഴയ കേസുകൾ പരിഗണിച്ചാണ്. ഇതെല്ലാം രാഷ്ട്രീയ കേസുകൾ മാത്രമാണ്. സുപ്രിംകോടതിയിൽ നൽകിയത് മുൻകൂർ ജാമ്യ ഹർജി അല്ല, സ്പെഷ്യൽ ലീവ് പെറ്റീഷൻ ആണ്. അത് ഹൈക്കോടതി തന്നെ തീർക്കട്ടെ എന്നാണ് സുപ്രിംകോടതി പറഞ്ഞത്.

സമാനമായ കേസുള്ളവർ ഇപ്പോഴും മൗണ്ട് സിയോൺ ലോ കോളജിൽ പഠിക്കുന്നത് എങ്ങനെയാണ്? മുൻ പ്രിൻസിപ്പാളിനെ പുറത്താക്കാൻ സമരം ചെയ്തതിനാൽ തന്നോട് മാനേജ്മെന്റിന് വൈരാഗ്യമുണ്ട്. കോളജ് മാനേജ്മെന്റ് യുഡിഎഫിന്റെ ഭാഗമാണ്. താൻ ഒളിവിൽ അല്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ജയ്സൺ ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *