തലശേരിയിൽ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ സിഗ്മ ബസിന് തലശ്ശേരി ആർ ടി ഒ 10,000 രൂപ പിഴയിട്ടു. ബസ് തലശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം കുട്ടികളെ മഴയത്ത് നിർത്തിയിട്ടില്ലെന്ന് ബസ് ഡ്രൈവർ നൗഷാദ് പറഞ്ഞു. മഴ പെയ്യുമ്പോൾ വിദ്യാർത്ഥികൾ വെയിറ്റിംഗ് ഷെഡിലായിരുന്നുവെന്നും എല്ലാ യാത്രക്കാരെയും കയറ്റി അവസാനമാണ് കുട്ടികളെ കയറ്റാറുള്ളതെന്നും ഡ്രൈവർ പ്രതികരിച്ചു. വിദ്യാർത്ഥികൾ ബസിൽ നിന്ന് യാത്ര ചെയ്യുന്നതാണ് സാധാരണയായി സംഭവിക്കുന്നത്. അനാവശ്യമായി ബസ് ജീവനക്കാരെ പഴിചാരുകയാണെന്നും നൌഷാദ് കൂട്ടിച്ചേർത്തു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ അവർ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു. ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു.