‘വിചിത്രമായ വിധിയാണിത്’; തെറ്റായ സന്ദേശം സമൂഹത്തിന് പകർന്നുനൽകുമെന്ന് എം. സ്വരാജ്

തൃപ്പൂണിത്തുറ നിയസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്തുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യംചെയ്യപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് എം. സ്വരാജ്. പാർട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് തുടർനിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ വിശ്വാസികൾക്കിടയിൽ അവർ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളും ബിംബങ്ങളും സ്ലിപ്പിൽ അച്ചടിച്ച് വീടുവീടാന്തരം കയറിക്കൊടുത്താലും അതൊന്നും പ്രശ്നമല്ലെന്ന തോന്നലും സന്ദേശവുമാണ് വിധി നൽകുന്നത്. അത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നതും അതിൻറെ അന്തഃസത്ത ചോർത്തിക്കളയുന്നതുമാണെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ജനപ്രാതിനിധ്യനിയമത്തിന്റെ നഗ്‌നമായ ലംഘനം അവിടെ ഉണ്ടായി. പരാതികളുടെ തുടർച്ചയായാണ് ഹൈക്കോടതിയിൽ പോയത്. തെളിവുകളെല്ലാം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ വിധി മറിച്ചാണ് വന്നത്. വിചിത്രമായ വിധിയാണിത്. കേസിൽ ജയിച്ചോ തോറ്റോ എന്നതൊന്നും പ്രശ്നമല്ല. അതിനപ്പുറത്ത് ഇത് തെറ്റായ സന്ദേശം സമൂഹത്തിന് പകർന്നുനൽകും. ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ലെന്നും സ്വരാജ് പറഞ്ഞു. ഇത് തോറ്റുകഴിഞ്ഞപ്പോൾ ഉണ്ടാക്കിയ കേസല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *