വാർത്തകൾ ഒറ്റ നോട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യൂറോപ്യന്‍ പര്യടനം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെയാണ് സംഘം കൊച്ചിയില്‍ നിന്നും യാത്രതിരിച്ചത്. ഇന്ന് വൈകിട്ടോടെ നോർവേയിലെത്തുന്ന സംഘം യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. ഈ മാസം 12വരെയാണ് സന്ദർശനം. 

…………………

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി എഴുതിയതെന്ന് സ൦ശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ നിന്നും പോലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോയുടെ മുട്ട൦ യാർഡിൽ ഇവർ burn, splash എന്നീ വാക്കുകൾ സ്പ്രെ പെയിന്‍റ് ഉപയോഗിച്ച് ഗ്രാഫിറ്റി ചെയ്തത്. നഗരത്തിൽ സ്ഫോടനം നടക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കല വിധ്വംസക ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവർ എന്ന് കണ്ടെത്തിയിട്ടുണ്ട്.

………….

നിലമ്പൂര്‍ രാധ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ കോടതി ശരിയായ വിധത്തില്‍ വിലയിരുത്തിയില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2014ല്‍ ആണ് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടത്.

……….

വടക്കഞ്ചേരിയിൽ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവർച്ച നടത്തിയ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസാണ് പിടികൂടിയത്. സെപ്റ്റംബർ 22 നാണ് സംഭവം നടന്നത്. കവർച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്കൊ. ഇരുപത്തിയഞ്ചര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് പ്രതികൾ കവർന്നത്.

……….

കോട്ടയം ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28 നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്‍റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു.

………..

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും ജപ്പാനും. പ്രകോപനം സൃഷ്ടിക്കാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷീദ വിമര്‍ശിച്ചു. തിരിച്ചടിക്കാനുള്ള ജപ്പാന്‍റെ ശക്തിയെ പരീക്ഷിക്കരുതെന്ന് പ്രതിരോധ മന്ത്രി യസുകസു ഹമാദ മുന്നറിയിപ്പ് നല്‍കി. അപകടകരവും ബുദ്ധിശൂന്യവുമായ നടപടിയാണ് ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് ആന്‍ട്രിന്‍ വാട്ടസണ്‍ പ്രതികരിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ ജപ്പാന് നേരെ തൊടുത്തത്. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു. നിരവധിപേരെ ബങ്കറുകളിലേക്ക് മാറ്റി.

…………..

ഗള്‍ഫ് മലയാളികളുടെ ഏക എഎം റേഡിയോ ആയ – റേഡിയോ കേരളം 1476 , വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനും, സംഗീതമോ – വാദ്യോപകരണങ്ങളോ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അരങ്ങേറ്റം നടത്താനും അവസരം ഒരുക്കുന്നു. നാളെ രാവിലെ 6.30 മുതല്‍ ദുബായ് കരാമയിലുള്ള റേഡിയോ കേരളം ഓഫീസിലാണ് അരങ്ങേറ്റവും – വിദ്യാരംഭവും സംഘടിപ്പിക്കുന്നത്. വിദ്യാരംഭത്തിന് താത്പര്യമുള്ളവര്‍ രാവിലെ 8.30 ന് മുന്‍പായി എത്തേണ്ടതാണ്. അരങ്ങേറ്റം രാവിലെ മുതല്‍ രാത്രിവരെയുണ്ടാകും. റേഡിയോ കേരളം സ്റ്റേഷന്‍ ഡയറക്ടറും പ്രശസ്ത ഗായകനുമായ ജി ശ്രീറാം, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍, ഡോ. സഫറുള്ളഖാന്‍, ചലചിത്രതാരവും റേഡിയോ കേരളം സെലിബ്രിറ്റി ആര്‍ജെയുമായ പ്രിയങ്കനായര്‍ എന്നിവര്‍ അരങ്ങേറ്റത്തിനും വിദ്യാരംഭത്തിനും നേതൃത്വം നല്‍കും. വിളിക്കേണ്ട നമ്പര്‍ – 045251476, വാട്ട്സപ്പ് നമ്പര്‍ – 0508281476

Leave a Reply

Your email address will not be published. Required fields are marked *