വാളയാർ പെൺകുട്ടികളുടെ മരണം: നാലാം പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ

വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു.

2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണു കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കിയത്.

വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *