വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും: അനിൽ ആന്റണി

കേരളത്തില്‍ ഇത്തവണ ഒന്നിലധികം സീറ്റുകള്‍ ബിജെപി നേടുമെന്ന് അനില്‍ ആൻറണി. മണിപ്പൂര്‍ കലാപം കേരളത്തില്‍ തിരിച്ചടിയാകില്ലെന്നും മോദിയുടെ ഗ്യാരണ്ടി കേരളം സ്വീകരിക്കുമെന്നും അനില്‍ ദില്ലിയില്‍ പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. നരേന്ദ്രമോദി നേരിട്ട് ടിക്കറ്റ് നല്‍കിയാണ് അനില്‍ ആൻറണിയെ ബിജെപിയിലെത്തിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ ദേശീയ സെക്രട്ടറി പദവി ഉള്‍പ്പെടെ നല്‍കി അനിലിനെ കേരളത്തില്‍ സുരേഷ് ഗോപിക്കൊപ്പം ബിജെപിയുടെ തുറുപ്പുചീട്ടാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര നേതൃത്വം.

മധ്യ കേരളത്തില്‍ അനിലിനെ ഇറക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു അനില്‍ ആൻറണിയുടെ മറുപടി.പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് കോണ്‍ഗ്രസും സിപിഎമ്മും വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്. ഇരുപാര്‍ട്ടികളും വര്‍ഗീയമായി ചിന്തിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ ഇരു പാര്‍ട്ടികളും ആക്രമണം നടത്തുന്നതെന്നും അനില്‍ ആൻറണി പറഞ്ഞു.അയോധ്യ വിഷയത്തിലും കോണ്‍ഗ്രസിനെതിരെ അനില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അയോധ്യക്ക് പോകണമെന്ന് പറയുന്നു. ഇത്തരം വിഷയങ്ങളില്‍ നിലപാടെടുക്കാൻ കഴിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ഈ ഗതിയിലെത്തിയതെന്നും അനില്‍ പരിഹസിച്ചു. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ ഭൂപടത്തില്‍ ഇല്ലാതാകുമെന്നും അനില്‍ ആൻറണി പറഞ്ഞു. ക്രൈസ്തവ സഭകളെയും യുവാക്കളെയും ബിജെപിയോടെടുപ്പിക്കുന്നതിനായി നിര്‍ണായക ദൗത്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനിലിന് കേന്ദ്ര നേതൃത്ത്വം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *