വയനാട് സുഗന്ധഗിരി മരം മുറിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വനിത റേയ്ഞ്ച് ഓഫീസർ കെ നീതുവാണ് വനംമേധാവിക്ക് കത്ത് നൽകിയത്.
സുഗന്ധഗിരി മരംമുറിക്കേസിൽ അന്വേഷണം നടത്തിയ സംഘത്തിനെതിരെയാണ് സസ്പെൻഷനിലായ വനിതാ റെയ്ഞ്ച് ഓഫീസർ കെ നീതു ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. മരംമുറി സമയത്ത് റെയ്ഞ്ച് ഓഫീസറുടെ ഭാഗത്തുനിന്ന് മതിയായ ഫീൽഡ് പരിശോധന ഉണ്ടായില്ലെന്നും അനധികൃത മരംമുറി യഥാസമയം കണ്ടെത്തിയില്ലെന്നുമാണ് റെയ്ഞ്ച് ഓഫീസർക്കെതിരായ കുറ്റാരോപണം. എന്നാൽ ഈ ആരോപണങ്ങൾ തെറ്റെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിയുമെന്നും റെയ്ഞ്ച് ഓഫീസറുടെ കത്തിലുണ്ട്.
അനധികൃത മരംമുറി കണ്ടെത്തുകയും തടികളും വാഹനങ്ങളും കണ്ടെടുക്കുകയും പത്ത് പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തത് താനാണെന്നും കത്തിൽ പരാമർശമുണ്ട്. സുഗന്ധഗിരി മരം മുറിയിൽ ഡിഎഫ്ഒ എ ഷജ്നയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വനംമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷൻ. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഡിഎഫ്ഒയുടെ ജാഗ്രതക്കുറവ് മൂലമാണ് മുറിച്ച മുഴുവൻ കുറ്റികളും കണ്ടെത്താൻ കഴിയാതിരുന്നതും തടികൾ കടത്തിക്കൊണ്ടുപോകാൻ കാരണമെന്നും ആണ് നടപടി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. എന്നാൽ കേസെടുത്തശേഷം തടികൾ എവിടേക്കും കൊണ്ടുപോയിട്ടില്ലെന്ന് അന്വേഷണസംഘം തന്നെ വ്യക്തതവരുത്തുന്ന റിപ്പോർട്ട് പൂഴ്ത്തിയാണ് നടപടിയെടുത്തതെന്നും ഇത് പിൻവലിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.