വയനാട് ദുരന്ത മേഖലയിൽ കേന്ദ്രസംഘം ഇന്നെത്തും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാകും ഇന്ന് നടക്കുക.

പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചിൽ നടത്തുക. 

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതി വ്യക്തമാക്കിയിരുന്നു.

മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നന്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതി പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *