വയനാട് ദുരന്ത പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളണം; ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ കുടുംബശ്രീ മിഷൻ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് നൽകാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവൻ മൈക്രോ സംരംഭങ്ങളും ഉരുൾപൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നടപടി.

ഉരുൾ കവർന്ന മുണ്ടക്കൈയിലും ചൂരൽമലയിലുമായി ആകെ ഉണ്ടായിരുന്നത് 62 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ്. 685 പേരായിരുന്നു അംഗങ്ങൾ. ഉരുൾപൊട്ടലിൽ 47അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ലിങ്കജ് ലോൺ ഉൾപ്പെടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഉണ്ടായിരുന്ന കട ബാധ്യത 3.66കോടി രൂപയായിരുന്നു. ഇതിന് പുറമെ കുടുംബ ശ്രീ മൈക്രോ സംരംഭങ്ങളും ബാങ്കുകളിൽ പണം തിരിച്ചടക്കാനുണ്ട്. പക്ഷെ ആകെ ഉണ്ടായിരുന്ന 18 സംരംഭങ്ങളിൽ ഒന്ന് പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ വായ്പ എഴുതി തള്ളണം എന്ന ആവശ്യവുമായി കുടുംബശ്രീ മിഷൻ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ചത്. അതേസമയം, ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് ഉള്ളപ്പടെ മാറിയ കുടുംബ ശ്രീ അംഗങ്ങൾക്ക് സംരംഭം തുടങ്ങാനായി അടിയന്തിര സഹായം എന്ന നിലയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ടിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *