വയനാട് ദുരന്തം: നെഞ്ചു പിടഞ്ഞ് പ്രവാസികൾ; അഷ്റഫ് കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങള്‍ക്കായി

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തില്‍പ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങള്‍ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ.

മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയില്‍ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബന്ധുക്കളില്‍ 9 പേരുടെ മൃതദേഹങ്ങള്‍ക്കായാണ് ഈ കാത്തിരിപ്പ്. 

രണ്ടു തവണ പോയി നോക്കിയപ്പോഴും ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിക്ക ശരീരത്തിലും തലയില്ലെങ്കില്‍ കാലില്ല, അല്ലേല്‍ ഉടലില്ല എന്ന അവസ്ഥയാണെന്ന് അഷ്റഫ് വേദനയോടെ പങ്കുവെക്കുന്നു. തലയുള്ള മൃതദേഹങ്ങളാവട്ടെ തിരിച്ചറിയാനും സാധിക്കുന്നില്ല. മക്കളും, എളാപ്പയും എളേമ്മയും കാണാതായവരിലുണ്ട്. അവരുടെ മകനേയും മകളേയും കിട്ടിയിരുന്നു. മോളെ ഇന്നലെ ചൂരല്‍മലയില്‍ നിന്നാണ് കിട്ടിയത്. ബന്ധുക്കള്‍ വിരുന്നിന് പോയ രാത്രിയാണ് സംഭവം. മൂന്നു വയസ്സുള്ള കുട്ടിയും ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. വിംസില്‍ പോയി നോക്കിയിരുന്നു. അവിടെയില്ല. ഇതുവരെ വന്ന മൃതദേഹങ്ങളില്‍ അവരുടേത് ഇല്ല. 10 പേരുടെ മൃതദേഹങ്ങള്‍ വരുന്നുണ്ട്. അതിലുണ്ടോയെന്ന് നോക്കണമെന്നും അഷ്റഫ് പറയുന്നു. 

സൗദിയില്‍ പ്രവാസിയായ ഷറഫുവിന്റെ 6 ബന്ധുക്കളും അപകടത്തില്‍പ്പെട്ടുവെന്ന് ഷറഫു പറയുന്നു. 4 പേരുടെ മൃതദേഹം ഇതുവരെ കിട്ടി. അടുത്തറിയുന്ന സുഹൃത്തുക്കളും നാട്ടുകാരും വേറെയുമുണ്ട്. ബാപ്പയുടെ അനിയന്റെ മകളാണ്. മൊത്തം 6 പേർ ആ കുടുംബത്തില്‍ നിന്നുതന്നെ പോയി. വേണ്ടപ്പെട്ട കുറേ പേർ അതില്‍ പെട്ടു പോയി. അതിന്റെ ഒരു വിഷമത്തിലാണ്. നാട്ടിലില്ലാത്തത് കൊണ്ട് ഹെല്‍പ്പ് ചെയ്യാൻ പോലും പറ്റുന്നില്ലെന്നും ഷറഫു പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് നാട്ടിലുണ്ടായിരുന്ന ജിദ്ദയിലെ അഷ്റഫിന്റെയും ബന്ധുക്കള്‍ അപകടത്തില്‍പ്പെട്ടു.

കുറച്ചുപേരെ കിട്ടി. ഇനിയും കിട്ടാനുണ്ട്. വലിയ ദുഃഖത്തിലാണ്. വാർത്ത കേട്ട നടുക്കം മാറുന്നില്ല. ജോലിയില്‍ കോണ്‍സണ്‍ട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. നമ്മുടെ നാടല്ലേ. പിന്നെ നാട്ടിലില്ലാത്ത പ്രയാസം അതുവേറെയുമുണ്ട്. പുത്തുമല ഉരുള്‍പൊട്ടിയപ്പോള്‍ ഞാൻ നാട്ടിലുണ്ടായിരുന്നു വെക്കേഷന്. നാട്ടില്‍ നിന്ന് വിവരങ്ങള്‍ അറിയുമ്പോഴും അറിയാതിരിക്കുമ്പോഴും ഒരുപോലെ മാനസികമായി തളരുകയാണെന്ന് പറഞ്ഞുവെക്കുകയാണ് പ്രവാസികള്‍. 

Leave a Reply

Your email address will not be published. Required fields are marked *