വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

വയനാട്ടിലുണ്ടായത് നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങൾ ഉൾപ്പടെ മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേർ ഒഴുകിപ്പോയി. ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ മാർക്കറ്റ് മേഖലയിൽ രാവിലെ എത്തി പരുക്കേറ്റവരെ മുഴുവൻ മാറ്റി. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവർത്തനം ആകാവുന്ന രീതിയിൽ തുടരുന്നുണ്ട്. ചൂരൽമലയുടെ ഒരു മേഖല തന്നെ ഒലിച്ചുപോവുകയായിരുന്നു. ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ 2 മണിക്കും രണ്ടാമത്തേത് 4.10 നും സംഭവിച്ചു. ഇരുവഴിഞ്ഞി പുഴ രണ്ടായി ഒഴുകുകയാണ്. സാധ്യമായ എല്ലാ ശക്തിയും മാർഗ്ഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 5 മന്ത്രിമാർ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

ഇതുവരെ ദുരിത പ്രദേശത്ത് 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ആകെ 118 ക്യാമ്പുകളുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. ചൂരൽ മലയിൽ രണ്ട് താൽകാലിക ആശുപത്രികൾ സജ്ജമാക്കും. മദ്രസയിലും പോളിടെക്നിക്കിലും ആയിരിക്താകും താൽക്കാലിക ആശുപത്രികൾ. അധിക മോർച്ചറികൾ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സൈന്യം മുണ്ടക്കൈ മാര്‍ക്കറ്റിലെത്തി. പരിക്കേറ്റവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *