വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കളെ കൊന്നു. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു.

തൊഴുത്തില്‍ നിന്നുള്ള ശബ്ദംകേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ കടുവ പെട്ടെന്ന് ഓടിമറഞ്ഞു. തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം. കടുവ ഉടന്‍ കൂട്ടിലാകുമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കേണിച്ചിറ എടക്കാട് ആണ് പശുവിനെ കടുവ കൊന്നത്. തെക്കേപ്പുന്നാപ്പിള്ളിൽ വർഗീസിന്റെ മൂന്നുവയസ്സുള്ള കറവപ്പശുവിനെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30-നാണ് സംഭവം.

തോട്ടത്തിൽ കെട്ടിയ പശുക്കളെ അഴിക്കാൻ ചെന്നപ്പോഴാണ് കടുവ കൊന്നുതിന്നുന്നത് വർഗീസ് കണ്ടത്. ഉടൻ പിന്നോട്ടുമാറിയ ഇദ്ദേഹം തോട്ടത്തിന്റെ മറ്റുഭാഗത്ത് കെട്ടിയ പശുക്കളെ അഴിച്ച് വീട്ടിലേക്കുകൊണ്ടുവന്നു. തുടർന്ന് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

ഏഴരയോടെ വനംവകുപ്പ് പ്രദേശത്ത് മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചശേഷം കൂട് സ്ഥാപിക്കാനുള്ള നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുവർഷംമുമ്പ് പ്രദേശത്ത് ആടിനെ കടുവ കൊന്നുതിന്നിരുന്നു. കഴിഞ്ഞമാസങ്ങളിൽ പലപ്രാവശ്യം കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *