വയനാട്ടിലെ ചെലവിൻ്റെ യഥാർത്ഥ കണക്ക് പുറത്തുവിടണം; തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കെ സുധാകരൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചെലവായ തുകയുടെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ഇത് ഇടതുസർക്കാരിൻ്റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും അദ്ദേഹം പറ‌ഞ്ഞു. യഥാർത്ഥ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും. പ്രളയകാലത്തും കോവിഡ് കാലത്തും തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇടതുസര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിത്. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികൾ. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്നും കെപിസിസി പ്രസിഡൻ്റ് കുറ്റപ്പെടുത്തി.

അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *