വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി

വയനാട് മേപ്പാടി ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജൻ, പിഎ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്. നിലവിൽ വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരാണ് മണ്ണിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.

മാത്രമല്ല, ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 60 പേരാണ് മരിച്ചത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്നാണ് ദൗത്യ സംഘം വ്യക്തമാക്കുന്നത്. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *