വണ്ടിപ്പെരിയാർ പോക്സോ കേസ്: ‘സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ല’, എം വി ​ഗോവിന്ദൻ

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനെതിരെ വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല വിഷയത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ ആളുകൾ വരുന്നുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നു. ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എംപി ആരോപിച്ചു. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

കട്ടപ്പന അതിവേഗ കോടതിയാണ് കേസിലെ പ്രതിയെ അർജുനനെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *