ലോൺ ആപ്പുകൾ: കേരളത്തിന് നഷ്ടം 100 കോടി

ലോൺ ആപ്പുകൾ വഴി കേരളത്തിൽനിന്ന് ഇതുവരെ തട്ടിയത് 100 കോടിയിലേറെ രൂപയെന്നു സൈബർ അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ടൈപ്പിങ് ജോലികൾക്കായി കംബോഡിയയിലേക്കു സൗജന്യ റിക്രൂട്ടിങ് നടത്തുന്ന ഏജൻസിയെക്കുറിച്ചും വിവരം ലഭിച്ചു. ഈ ഏജൻസി മലയാളികളെ കംബോഡിയയിലേക്കു കൊണ്ടുപോയി വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട ജോലികൾ നൽകുന്നു

സമൂഹമാധ്യമങ്ങൾ വഴിയാണ് ആളെത്തേടുന്നത്. 70,000– ഒരു ലക്ഷം രൂപയാണു ശമ്പള വാഗ്ദാനം. പരസ്യത്തിലെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കേരളത്തിൽനിന്നു കംബോഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് ഇത്തരം ജോലികൾക്കു നിയോഗിക്കുന്നതായി അവിടെനിന്നു രക്ഷപ്പെട്ടെത്തിയ യുവാക്കൾ നേരത്തേ പറഞ്ഞിരുന്നു. ചെന്നൈയും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പു വായ്പ ആപ്പുകളെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്.

ലോൺ ആപ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിനു കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. കൊല്ലത്ത് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഒരു കോടി രൂപയുടെ തട്ടിപ്പിനിരയായ കേസിലാകും ആദ്യം സഹായം തേടുക. 10 ചൈനീസ് ബാങ്കുകളിലേക്കാണു പണം പോയതെന്നു കേരള സൈബർ ഓപ്പറേഷൻസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുനടത്തിയ 10 ചൈനീസ് പൗരൻമാരെയും തിരിച്ചറിഞ്ഞു.

ലോൺ ആപ്പുകൾ വഴിയും ചൈനയിലേക്കു വൻതോതിൽ പണം പോകുന്നതായാണു കണ്ടെത്തൽ. പ്ലേസ്റ്റോറിൽ ആപ് എത്തിച്ചശേഷം ഫോൺ വിളികൾക്കായി ഇന്ത്യയിൽ കുറച്ച്പേരെ റിക്രൂട്ട് ചെയ്യും. ഇവിടെ ഒരു ബാങ്ക് അക്കൗണ്ടും സംഘടിപ്പിക്കും. ഇൗ അക്കൗണ്ടിലേക്ക് പണമെത്തുന്നയുടൻ ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്കു മാറ്റും. കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിനിരയായവരുടെ ഫോണിലേക്കു വന്ന ഹിന്ദി സംഭാഷണം ചൈനീസ് പൗരന്റേതാണെന്നു കണ്ടെത്തി. ഫോണിലെ കോൺടാക്ട് നമ്പറുകളുടെയും ഫെയ്സ്ബുക് ഫ്രണ്ട്സിന്റെയും എണ്ണം നോക്കിയാണ് ആപ്പുകൾ വായ്പത്തുക നിശ്ചയിക്കുന്നത്.

ഇന്നലെ ന്യൂഡൽഹിയിൽ കേന്ദ്രം വിളിച്ചുചേർത്ത സൈബർ ക്രൈം കോൺഫറൻസിൽ ചൈനയുയർത്തുന്ന സൈബർ വെല്ലുവിളി പ്രധാനചർച്ചയായി.  സാധനങ്ങൾ വാങ്ങി അപ്പോൾതന്നെ മറിച്ചുവിൽക്കുന്ന ചൈനീസ് ട്രേഡിങ് ആപ്പുകളിൽ കേരളത്തിനു ദിവസവും ലക്ഷങ്ങൾ നഷ്ടമാകുന്നു. കൊച്ചിയിൽ രണ്ടാഴ്ച മുൻപ് ലോട്ടറിയടിച്ചെന്നു പറഞ്ഞു വന്ന മെസേജിന്റെ പിന്നാലെ പോയി വീട്ടമ്മയ്ക്കു നഷ്ടമായത് ഒരു കോടി രൂപയാണ്. കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത്, കർണാടകയിൽ ആദായനികുതി റിട്ടേൺ ലഭിക്കേണ്ടവരുടെയെല്ലാം ബാങ്ക് അക്കൗണ്ട് നമ്പറിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തിരുന്നു. ഇൗ ഓപ്പറേഷനും ചൈനയിൽനിന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *