ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട ; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് പൂര്‍ണ്ണമായും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍. ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുനരുപയോഗിക്കാന്‍ കഴിയാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്.

സര്‍ക്കാര്‍ നിര്‍ദേശിച്ച 100 ശതമാനം പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിക്കാം. പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പറും പോസ്റ്ററുകളിലും ബാനറുകളിലും പതിക്കണം.

സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന സാമ്പിളുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത 100 ശതമാനം കോട്ടണ്‍ ആണെന്ന് ഉറപ്പിക്കണം. പോളി എത്തിലീന്‍ വസ്തുക്കള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് & ടെക്നോളജിയില്‍ നിന്ന് പിവിസി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീനാണെന്ന് സാക്ഷ്യപ്പെടുത്തി മാത്രമെ വില്‍ക്കാന്‍ പാടുള്ളു.

ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ സേനക്കോ യൂസര്‍ ഫീ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം. ഹരിത കര്‍മസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *