ലോകകപ്പ് മാതൃകയിൽ ഞാറുനട്ട് പാഡി ആർട്ട് ഒരുക്കി യുവ കർഷകർ

നെൽപ്പാടത്തു കലകൊണ്ടു ഫുട്ബോൾ സ്നേഹം പച്ചകുത്തി യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു വളർത്തിയെടുത്തത്. ‘പാഡി ആർട്ട്’ എന്നാണ് ഈ വിസ്മയവിദ്യയുടെ പേര്. കടുംപച്ച നിറത്തിലുള്ള നെൽച്ചെടികൾക്കിടയിൽ വയലറ്റ് നിറത്തിലുള്ള നെൽച്ചെടികൾ നട്ടുവളർത്തിയാണ് ഇവർ പാഡി ആർട്ട് ഒരുക്കിയത്.

സാധാരണ വിത്തിനങ്ങളെ‌ക്കാൾ പല മടങ്ങു വിലയുള്ള നാസർ ബാത്ത്, കാലാ ബാത്ത് എന്നീ നെൽവിത്തുകൾ ഉപയോഗിച്ചായിരുന്നു കലാവിദ്യ. വയനാട് സ്വദേശിയും ജൈവകർഷകനുമായ ജോൺസനിൽ നിന്നാണു വിത്തുകൾ ശേഖരിച്ചത്. 

പുത്തൻതോട് സ്വദേശിയായ ആർട്ടിസ്റ്റ് രവി പാടത്തു ലോകകപ്പിന്റെയും കഥകളിയുടെയും കേരളഭൂപടത്തിന്റെയും രൂപം മണ്ണിൽ വരച്ചു നൽകി. ഈ വരകളിൽ വയലറ്റ് നിറത്തിലുള്ള ഞാറുപാകി ഒരുമാസത്തോളം പരിചരിച്ചു വളർത്തിയെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *